1 Kings 15

യെഹൂദാരാജാവായ അബീയാം

1നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ ഭരണത്തിന്റെ പതിനെട്ടാംവർഷം അബീയാം യെഹൂദ്യയിൽ രാജാവായി സ്ഥാനമേറ്റു. 2അദ്ദേഹം ജെറുശലേമിൽ മൂന്നുവർഷം ഭരണംനടത്തി. അബീശാലോമിന്റെ
അബ്ശാലോം, അബീശാലോം എന്നതിന്റെ മറ്റൊരുരൂപം.
മകളായ മയഖാ ആയിരുന്നു അദ്ദേഹത്തിന്റെ അമ്മ.

3മുമ്പ് തന്റെ പിതാവു പ്രവർത്തിച്ചിരുന്ന സകലപാപങ്ങളും അദ്ദേഹവും ആവർത്തിച്ചു. തന്റെ പൂർവപിതാവായ ദാവീദിന്റെ ഹൃദയം ദൈവമായ യഹോവയിൽ പരിപൂർണമായി വിശ്വസ്തതപുലർത്തിയിരുന്നതുപോലെ അബീയാവിന്റെ ഹൃദയം വിശ്വസ്തമായിരുന്നില്ല. 4എന്നിരുന്നാലും, ദാവീദിനെയോർത്ത് ദൈവമായ യഹോവ അദ്ദേഹത്തിന് അനന്തരാവകാശിയായി ഒരു പുത്രനെ നൽകുകയും ജെറുശലേമിനെ ശക്തിപ്പെടുത്തുകയും ചെയ്തു; അങ്ങനെ ജെറുശലേമിൽ അദ്ദേഹത്തിന് ഒരു വിളക്ക് യഹോവ പ്രദാനംചെയ്തു. 5കാരണം, ദാവീദ് യഹോവയുടെ ദൃഷ്ടിയിൽ പ്രസാദകരമായ കാര്യങ്ങൾ പ്രവർത്തിച്ചു. ഹിത്യനായ ഊരിയാവിന്റെ കാര്യത്തിലൊഴികെ, തന്റെ ജീവകാലത്തൊരിക്കലും യഹോവയുടെ കൽപ്പനകളിൽ ഒന്നിൽനിന്നുപോലും അദ്ദേഹം വ്യതിചലിച്ചിരുന്നില്ല.

6അബീയാവിന്റെ ജീവിതകാലംമുഴുവനും അബീയാവും
ചി.കൈ.പ്ര. രെഹബൊയാമും
യൊരോബെയാമും തമ്മിലുള്ള യുദ്ധം തുടർന്നുകൊണ്ടിരുന്നു.
7അബീയാമിന്റെ ഭരണകാലത്തിലെ മറ്റുസംഭവങ്ങളും അദ്ദേഹത്തിന്റെ പ്രവൃത്തികളും യെഹൂദാരാജാക്കന്മാരുടെ ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടില്ലേ? അബീയാമും യൊരോബെയാമും തമ്മിലും യുദ്ധം ഉണ്ടായിരുന്നു. 8അബീയാം നിദ്രപ്രാപിച്ച് തന്റെ പിതാക്കന്മാരോട് ചേർന്നു; ദാവീദിന്റെ നഗരത്തിൽ അദ്ദേഹത്തെ സംസ്കരിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ മകനായ ആസാ രാജ്യഭാരമേറ്റു.

യെഹൂദാരാജാവായ ആസാ

9ഇസ്രായേൽരാജാവായ യൊരോബെയാമിന്റെ ഇരുപതാംവർഷം ആസാ യെഹൂദ്യയിൽ രാജഭരണമേറ്റു. 10അദ്ദേഹം ജെറുശലേമിൽ നാൽപ്പത്തിയൊന്നുവർഷം വാണരുളി. അദ്ദേഹത്തിന്റെ വലിയമ്മയുടെ പേര് മയഖാ എന്നായിരുന്നു. അവൾ അബീശാലോമിന്റെ മകളായിരുന്നു.

11തന്റെ പൂർവപിതാവായ ദാവീദിനെപ്പോലെ ആസാ യഹോവയുടെ ദൃഷ്ടിയിൽ പ്രസാദകരമായതു പ്രവർത്തിച്ചു. 12ക്ഷേത്രങ്ങളെ ആസ്ഥാനമാക്കി നിലനിന്നിരുന്ന പുരുഷവേശ്യകളെ അദ്ദേഹം ദേശത്തുനിന്നു നിഷ്കാസനംചെയ്തു; തന്റെ പൂർവികർ നിർമിച്ച സകലവിഗ്രഹങ്ങളെയും അദ്ദേഹം നിർമാർജനംചെയ്തു. 13തന്റെ വലിയമ്മയായ മയഖാ അശേരാദേവിക്ക് ഒരു മ്ലേച്ഛവിഗ്രഹം നിർമിച്ചതിനാൽ ആസാ അവരെ രാജമാതാവിന്റെ പദവിയിൽനിന്നു നീക്കിക്കളഞ്ഞു. അദ്ദേഹം ആ പ്രതിമ വെട്ടിവീഴ്ത്തി, കിദ്രോൻതാഴ്വരയിൽ ഇട്ടു ചുട്ടുകളഞ്ഞു. 14ആസാരാജാവിന്റെ ജീവിതകാലംമുഴുവനും അദ്ദേഹത്തിന്റെ ഹൃദയം യഹോവയോടുള്ള ഭക്തിയിൽ ഏകാഗ്രമായിരുന്നെങ്കിലും, അദ്ദേഹം ക്ഷേത്രങ്ങൾ നശിപ്പിച്ചില്ല. 15താനും തന്റെ പിതാവും സമർപ്പിച്ചിരുന്ന സ്വർണവും വെള്ളിയും മറ്റുപകരണങ്ങളും അദ്ദേഹം യഹോവയുടെ ആലയത്തിലേക്കു കൊണ്ടുവന്നു.

16ആസായും ഇസ്രായേൽരാജാവായ ബയെശയുംതമ്മിൽ, അവരുടെ ഭരണകാലം മുഴുവനും യുദ്ധം ഉണ്ടായിരുന്നു. 17യെഹൂദാരാജാവായ ആസായുടെ പ്രദേശത്തുനിന്ന് ആരെങ്കിലും പുറത്തേക്കു പോകുകയോ അകത്തേക്കു വരികയോ ചെയ്യാതെയിരിക്കേണ്ടതിന് ഇസ്രായേൽരാജാവായ ബയെശാ യെഹൂദയ്ക്കെതിരേ വന്ന്, രാമായിൽ കോട്ടകെട്ടിയുറപ്പിച്ചു.

18അപ്പോൾ, ആസാ യഹോവയുടെ ആലയത്തിലെയും തന്റെ സ്വന്തം കൊട്ടാരത്തിലെയും ഭണ്ഡാരങ്ങളിൽ ഉണ്ടായിരുന്ന വെള്ളിയും സ്വർണവും എടുത്ത് ദമസ്കോസിൽ ഭരണം നടത്തിവരികയായിരുന്ന ഹെസ്യോന്റെ പുത്രനായ തബ്രിമ്മോന്റെ മകൻ ബെൻ-ഹദദ് എന്ന അരാംരാജാവിനു കൊടുത്തയയ്ക്കേണ്ടതിനായി തന്റെ ഉദ്യോഗസ്ഥരെ ഏൽപ്പിച്ചു. 19ആസാ ഇപ്രകാരം ഒരു സന്ദേശവും കൊടുത്തയച്ചു: “എന്റെ പിതാവും താങ്കളുടെ പിതാവുംതമ്മിൽ ഉണ്ടായിരുന്നതുപോലെ ഒരു സഖ്യം നമ്മൾതമ്മിലും ഉണ്ടായിരിക്കട്ടെ! ഇതാ, ഞാൻ താങ്കൾക്ക് വെള്ളിയും സ്വർണവും സമ്മാനമായി കൊടുത്തയയ്ക്കുന്നു. ഇസ്രായേൽരാജാവായ ബയെശാ എന്നെ ആക്രമിക്കാതെ പിന്മാറത്തക്കവണ്ണം നിങ്ങൾതമ്മിലുള്ള സഖ്യം ഇപ്പോൾ റദ്ദാക്കിയാലും!”

20ബെൻ-ഹദദ് ആസാരാജാവിന്റെ അപേക്ഷ സ്വീകരിച്ചു. അദ്ദേഹം തന്റെ സൈന്യാധിപന്മാരെ ഇസ്രായേൽ നഗരങ്ങളിലേക്കയച്ചു. അവർ ഇസ്രായേൽദേശത്ത് ഈയോൻ, ദാൻ, ആബേൽ-ബേത്ത്-മാക്കാ എന്നിവയും; നഫ്താലി, കിന്നെരെത്ത്
അതായത്, ഗലീലാതടാകത്തിനു സമീപമുള്ള ഭൂപ്രദേശം.
എന്നീ പ്രദേശങ്ങൾ മുഴുവനായും ആക്രമിച്ചു കീഴടക്കി.
21ബയെശാരാജാവ് ഇതു കേട്ടപ്പോൾ രാമായുടെ നിർമാണപ്രവർത്തനങ്ങൾ നിർത്തലാക്കി തിർസ്സയിലേക്കു പിൻവാങ്ങി. 22അതിനുശേഷം, ആസാരാജാവ് സകല യെഹൂദയ്ക്കുമായി ഒരു വിളംബരം പുറപ്പെടുവിച്ച് സകലരെയും വിളിച്ചുകൂട്ടി. ആരെയും ഒഴിവാക്കിയില്ല. അവർ, ബയെശാ നിർമാണത്തിന് ഉപയോഗിച്ചുകൊണ്ടിരുന്ന കല്ലും മരവും രാമായിൽനിന്നു ചുമന്നുകൊണ്ടുപോയി. അതുപയോഗിച്ചാണ് ആസാരാജാവ് ബെന്യാമീനിലെ ഗേബായും മിസ്പാപട്ടണവും നിർമിച്ചത്.

23ആസായുടെ ഭരണത്തിലെ മറ്റു സംഭവങ്ങൾ, സൈനികനേട്ടങ്ങൾ, തന്റെ പ്രവർത്തനങ്ങൾ, അദ്ദേഹം പണിത നഗരങ്ങൾ ഇവയെക്കുറിച്ചെല്ലാം യെഹൂദാരാജാക്കന്മാരുടെ ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടില്ലേ? വാർധക്യത്തിൽ അദ്ദേഹത്തിന്റെ പാദങ്ങൾക്ക് രോഗം ബാധിച്ചിരുന്നു. 24ഒടുവിൽ, ആസാ നിദ്രപ്രാപിച്ച് തന്റെ പിതാക്കന്മാരോട് ചേർന്നു; അദ്ദേഹത്തിന്റെ പൂർവപിതാവായ ദാവീദിന്റെ നഗരത്തിൽ, പിതാക്കന്മാരോടൊപ്പം അദ്ദേഹത്തെ സംസ്കരിച്ചു. അദ്ദേഹത്തിന്റെ മകനായ യെഹോശാഫാത്ത് അതിനുശേഷം രാജ്യഭാരം ഏറ്റെടുത്തു.

ഇസ്രായേൽരാജാവായ നാദാബ്

25യെഹൂദാരാജാവായ ആസായുടെ രണ്ടാംവർഷം യൊരോബെയാമിന്റെ മകനായ നാദാബ് ഇസ്രായേലിൽ രാജാവായി. അദ്ദേഹം ഇസ്രായേലിൽ രണ്ടുവർഷം ഭരിച്ചു. 26അദ്ദേഹം യഹോവയുടെ ദൃഷ്ടിയിൽ തിന്മയായതു പ്രവർത്തിക്കുകയും തന്റെ പിതാവായ യൊരോബെയാം ചെയ്തതും ഇസ്രായേലിനെക്കൊണ്ടു ചെയ്യിച്ചതുമായ പാപവഴികളിൽ ജീവിക്കുകയും ചെയ്തു.

27യിസ്സാഖാർ ഗോത്രത്തിൽപ്പെട്ട അഹീയാവിന്റെ മകനായ ബയെശാ നാദാബിനെതിരേ ഗൂഢാലോചന നടത്തി. നാദാബും സകല ഇസ്രായേലുംകൂടി ഫെലിസ്ത്യനഗരമായ ഗിബ്ബെഥോൻ ഉപരോധിച്ചിരിക്കുമ്പോൾ അവിടെവെച്ച് ബയെശാ അദ്ദേഹത്തെ കൊലപ്പെടുത്തി. 28അങ്ങനെ, യെഹൂദാരാജാവായ ആസായുടെ മൂന്നാംവർഷം ബയെശാ നാദാബിനെ വധിച്ച് തൽസ്ഥാനത്തു രാജാവായി.

29ഭരണം ആരംഭിച്ചയുടൻതന്നെ ബയെശാ യൊരോബെയാമിന്റെ കുടുംബത്തിലെ സകലരെയും കൊന്നൊടുക്കി. യഹോവ തന്റെ ദാസൻ ശീലോന്യനായ അഹീയാവുമുഖാന്തരം അരുളിച്ചെയ്തിരുന്ന വാക്കുകൾപോലെ അദ്ദേഹം യൊരോബെയാമിന്റെ വംശത്തിൽ ജീവനുള്ള യാതൊന്നും ശേഷിക്കാതവണ്ണം മുഴുവനായും നശിപ്പിച്ചുകളഞ്ഞു. 30യൊരോബെയാം സ്വയം പ്രവർത്തിച്ചതും അദ്ദേഹം ഇസ്രായേലിനെക്കൊണ്ടു ചെയ്യിച്ചതുമായ പാപങ്ങൾനിമിത്തം ഇസ്രായേലിന്റെ ദൈവമായ യഹോവയെ കോപിപ്പിച്ചതിനാലാണ് ഇപ്രകാരം സംഭവിച്ചത്.

31നാദാബിന്റെ ഭരണകാലഘട്ടത്തിലെ മറ്റു സംഭവവികാസങ്ങളും അദ്ദേഹത്തിന്റെ സകലപ്രവർത്തനപദ്ധതികളും ഇസ്രായേൽരാജാക്കന്മാരുടെ ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടില്ലേ? 32ആസായും ഇസ്രായേൽരാജാവായ ബയെശയുംതമ്മിൽ, അവരുടെ ഭരണകാലം മുഴുവനും യുദ്ധം ഉണ്ടായിരുന്നു.

ഇസ്രായേൽരാജാവായ ബയെശാ

33യെഹൂദാരാജാവായ ആസായുടെ മൂന്നാംവർഷം അഹീയാവിന്റെ മകനായ ബയെശാ തിർസ്സയിൽ സകല ഇസ്രായേലിനുംവേണ്ടി രാജഭരണം ഏറ്റെടുത്തു. അദ്ദേഹം ഇരുപത്തിനാലു വർഷം ഭരിച്ചു. 34ബയെശാ യഹോവയുടെ ദൃഷ്ടിയിൽ അനിഷ്ടമായകാര്യങ്ങൾ പ്രവർത്തിച്ചു. യൊരോബെയാമിന്റെ മാർഗങ്ങളിലും ഇസ്രായേലിനെക്കൊണ്ടു ചെയ്യിച്ച പാപങ്ങളിലും അദ്ദേഹം വ്യാപൃതനായി.

Copyright information for MalMCV